21 March 2011

മിസ്സ്ഡ് കോളുകൾ സംസാരിക്കുന്നു

       
         കോളേജിലെ ക്ലാസ്സുമുറിയിൽ നിന്നും പുറത്തിറങ്ങിയയുടൻ തന്നെ അവൾ മൊബൈൽ ഫോൺ കൈയിലെടുത്തു. അത്രയും നേരം വരെ നിശബ്ദനായി, ബാഗിന്റെ ഒരു മൂലയിൽ ഇടക്കിടെ വിറച്ചുകൊണ്ടിരുന്ന മൊബൈൽ ഫോണിനെ അവൾ നിശബ്ദതയുണ്ടാക്കിയ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു. സ്ക്രീനിലേക്കുറ്റു നോക്കിക്കൊണ്ട് നടന്നു. പത്തൊമ്പത് മെസ്സേജുകൾ അവളുടെ വിരൽ കൊണ്ടുള്ള സ്പർശനത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അഞ്ച് മിസ്സ്ഡ് കോളുകളും. അവയെ അവഗണിച്ച് അവൾ മെസ്സേജുകൾക്ക് പച്ചക്കൊടി കാട്ടി. അവയിൽ പതിനൊന്നെണ്ണം കാർത്തികിന്റേതായിരുന്നു. സുഷുപ്തിയിലേക്കു നയിച്ചേക്കാവുന്നതോ വിരസമായതോ ആയ ലക്ചറുകൾക്കിടയിലും തനിയ്ക്ക് മെസ്സേജയക്കാൻ സമയം കണ്ടെത്തുന്ന അവനെ സമ്മതിയ്ക്കണം! വീട്ടിൽ വെറുതേയിരുന്ന് ബോറടിയ്ക്കുന്ന നേരങ്ങളിൽ ‘എന്താ പരിപാടി’ എന്ന് ഒരു മെസ്സേജയക്കുകയേ വേണ്ടൂ. അവൻ അതിൽത്തുടങ്ങി കുറേനേരം മെസ്സേജിംഗ് നടത്തിക്കൊള്ളും. മെസ്സേജിംഗ് കണ്ടുപിടിച്ചവൻ മിടുക്കൻ തന്നെ. അതിനേക്കാ‍ൾ മിടുക്കൻ മെസ്സേജ് ഓഫർ കണ്ടുപിടിച്ചവനല്ലേ?! അവൾ ചിന്തിച്ചു.
     
         കോളേജ് ഗേറ്റ് പിന്നിട്ട് റോഡിലെത്തിയപ്പോൾ തോന്നിയ ഒരാശയമായിരുന്നു ഓരോ ‘ഷാർജ’ കുടിച്ചുകളയാം എന്നത്. സഹചാരികളായ ആ രണ്ടു കൂട്ടുകാരികളോടൊത്ത് അവൾ തൊട്ടുമുന്നിൽ കാണപ്പെട്ട ആ ബേക്കറിയിലേക്കു കയറി. ഷാർജ ഓർഡർ ചെയ്ത് ഫാനിനുചുവട്ടിൽ അവർ ഇരുന്നു. ആ ഒറ്റമുറി ബേക്കറിയിൽ ‘സോസി’ന്റെ ഗന്ധം തങ്ങിനിന്നിരുന്നു. അവിടുത്തെ അന്തേവാസികളായ ഈച്ചകൾ മേശകൾ തോറും പറന്നുനടന്നു. അവ പഫ്സിന്റേയോ സമൂസയുടേയോ ശകലങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നിരിയ്ക്കണം.
     
         ‘ഷാർജ’ മുന്നിലെത്തി. വിത്ത് ഐസ് ക്രീം. ഐസ്ക്രീം നുണഞ്ഞുകൊണ്ടിരിക്കെ മൊബൈൽ ഫോൺ ശബ്ദിച്ചു. കാർത്തികിന്റെ മെസ്സേജ്!
  
         - നീ ബസ്സിൽ കയറിയോ?
അവളുടെ കരങ്ങൾ അതിവേഗം പ്രവർത്തിച്ചു.
  
         - ഇല്ല.അതിൽ ഒരു കുതിരയെടുപ്പിനുള്ള ആൾക്കാർ ഉണ്ടാവും, ഞാൻ അടുത്തേതിലേ പോകുന്നുള്ളൂ.

അതിവേഗത്തിൽ തന്നെ അടുത്ത മെസ്സേജ് എത്തി.   
         - ബസ് സ്റ്റോപ്പിൽ നീയില്ലല്ലോ! ഇപ്പോൾ എവിടെ നിൽക്കുന്നു? എന്താ പരിപാടി?
സ്ഥിരം ചോദ്യം!
  
         - ബേക്കറിയിൽ! ‘ഷാർജ’ക്കു മുന്നിൽ!
  
         - എന്നെ വിളിയ്ക്കാതെയോ?

മറുപടിയുമായി ഒരു സ്മൈലിയെ അങ്ങോട്ടയച്ചു.
  
         - നല്ല ചിരി. കരിയും തേച്ച് പാടത്ത് നിർത്തിയാൽ കാക്ക പോലും അടുക്കില്ല!
  
         - അതിന് എന്നേക്കാൾ യോജിക്കുന്നത് നീയാ

സ്മൈലി തിരിച്ചുവന്നു. അതേ സ്മൈലിയെത്തന്നെ അവൾ തിരികെ അയച്ചു.
  
         കാർത്തിക് മറുപടിയൊന്നും അയക്കുന്നില്ല എന്നുകണ്ടപ്പോൾ അവൾ ‘ഷാർജ’യിലേക്കു തിരിഞ്ഞു. അതിനിടയിൽ കൂട്ടുകാരികളെ ഒറ്റപ്പെടുത്താതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒപ്പം തന്റെ ‘ഇൻബോക്സി’ലേക്കു തിരിഞ്ഞു. ഇന്നലെ രാത്രിയും ഏറെ മെസ്സേജുകൾ വന്നിരുന്നു. അവയിൽ പലതും വാ‍യിച്ചുനോക്കിയിട്ടില്ല. വായിച്ചുനോക്കാറുമില്ല. കാരണം കൂട്ടുകാർ അയയ്ക്കുന്നത്, മിക്കവാറും ‘ഫ്രണ്ട്ഷിപ്പ് ’ മെസ്സേജുകളാണ്. അവയെല്ലാം പലരീതിയിൽ  പറയുന്നത് ഒന്നുതന്നെ ‘നീ എനിക്ക് പ്രിയപ്പെട്ടതാണ്.’ അതല്ലെങ്കിൽ ടിന്റുമോൻ മെസ്സേജുകൾ. ടിന്റുമോൻ വായിച്ച് മടുത്തു!
  
         ‘ഷാർജ’യുടെ പണം കൊടുത്ത് അവിടെനിന്നിറങ്ങി, ബസ് സ്റ്റോപ്പിലേക്കു നടന്നു. കൂട്ടുകാരികളോട് സംസാരിച്ചു നടക്കുന്നതിനിടയിലും കൈയിൽ ഭദ്രമായിരിക്കുന്ന മൊബൈൽ ഫോണിലായിരുന്നു പകുതി ശ്രദ്ധയും. കൂട്ടുകാർ ആരെങ്കിലും മെസ്സേജയക്കുന്നുണ്ടോ? ഏതായാലും കാർത്തികിന് ഒരു ‘മിസ്സ് ’ അടിച്ചേക്കാം. അവളുടെ മിസ്സ്ഡ് കോളുകൾ കണ്ടാൽ കാർത്തിക് തിരികെ വിളിക്കാറില്ല. അത്യപൂർവമായി അവൾ കാർത്തികിനെ  വിളിച്ചാലായി!
  
         വിചാരിച്ചതുപോലെ തന്നെ. അവൻ തിരികെ വിളിച്ചില്ല. പകരം ഒരു മെസ്സേജ് എത്തി.
  
         - എന്താ?
  
         - ചുമ്മാ...
  
         - ‘ഷാർജ’ കൊള്ളാ‍മായിരുന്നോ?
  
         - തരക്കേടില്ലായിരുന്നു. നീ എവിടെ നിൽക്കുന്നു?
  
         - നീ നിൽക്കുന്നതിന്റെ ഓപ്പോസിറ്റ്, ആ മൊബൈൽ കടയുടെ ബോർഡിനടുത്ത്.
  
         - ഉം.. ഉം.. പെമ്പിള്ളേരെയും നോക്കി നിക്കുകയാ അല്ലേ?
  
         - ഓ.. പിന്നേ... ങാ... എന്നോട് നിന്റെ ഡീറ്റൈൽ‌സ് ചോദിച്ചത് ആരെന്നറിയണ്ടേ?
  
         - വേണം.. വേണം
  
         - ഹൊ.. എന്തൊരാകാംക്ഷ!
  
         - പോടാ... കോളേജല്ലേ, അതൊക്കെ സാധാരണയല്ലേ. എങ്കിലും നീ, അവനാരെന്നു പറ!

കാർത്തികിന്റെ കരങ്ങൾ മൊബൈൽ ഫോണിന്റെ കീപാഡിൽ ദ്രുതഗതിയിൽ അമർന്നു.
  
          - നീ നിൽക്കുന്നതിന്റെ വലതുവശത്ത്, കുറച്ചു ദൂരെ മാറി അടഞ്ഞ ഓറഞ്ച് നിറത്തിലുള്ള ഷർട്ടിട്ട ഒരുത്തൻ! കണ്ടോ?

അവൾ തന്റെ വലതുവശത്ത് ബസ്സിനായി കാത്തുനിൽക്കുന്ന മറ്റുവനിതാരത്നങ്ങൾക്കിടയിലൂടെ അങ്ങോട്ടേക്കു നോക്കി. തല ചെരിച്ചും ദൃഷ്ടി കൂർപ്പിച്ചും നോക്കി. പക്ഷേ ഫലം നാസ്തി!
  
         - ഞാൻ കണ്ടില്ല!
  
         - കണ്ടില്ലേ?! നീ നിൽക്കുന്നിടത്തുനിന്ന് അധികം അകലെയൊന്നുമല്ല!

അവൾ ഒരിക്കൽക്കൂടി പാളി നോക്കി. യാതൊരു ഫലവുമുണ്ടായില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല, ആരെന്നത് ഒന്നറിഞ്ഞിരിക്കാൻ വേണ്ടി മാത്രം!
  
         - ഒരു രക്ഷയുമില്ല കൂട്ടുകാരാ...
  
         - കാണണമെന്ന് നിർബന്ധം?
  
         - ഏയ് അതില്ല. എങ്കിലും... (സ്മൈലി!)
  
         - എങ്കിൽ ഞാൻ അവിടെവന്ന് ആ പുള്ളിക്കാരന്റെ തോളിൽ കൈയ്യിട്ടു നിൽക്കാം. എന്നിട്ട് മിസ്സടിക്കാം.
  
         - എനിക്കു കാണാൻ പറ്റിയാൽ ഞാനും മിസ്സടിക്കാം. ഇല്ലെങ്കിൽ മെസ്സേജയക്കാം. ഓ കേ?
  
         - ഓ.കേ!
  
         കാർത്തിക് താൻ നിന്നിടത്തുനിന്നിറങ്ങി, റോഡ് മുറിച്ചുകടക്കാനൊരുമ്പെട്ടു. അപ്പോഴാണ് അവന്റെ ഫോൺ വിറച്ചത്. അതിന്റെ സ്ക്രീനിലേക്കുറ്റു നോക്കുന്നതിനിടയിൽ ഹൈവേ മുറിച്ച് വേഗത്തിൽ കടന്നുവന്ന ഒരു വാൻ അവന്റെ ശ്രദ്ധയിൽ‌പ്പെടാതെ പോയി!
  
         ചോരയിൽ കുതിർന്ന കാർത്തികിന്റെ മൊബൈൽ ഫോൺ തെറിച്ചു വീണത് ഒരു കല്ലിനു മുകളിൽ! ആ വീഴ്ച്ചയുടെ ആഘാതത്തിൽ അമർന്ന ക്വർട്ടി കീപാഡിന്റെ നിർദ്ദേശപ്രകാരം കാത്തുനിന്ന ആ മെസ്സേജ് തുറക്കപ്പെട്ടു.
  
         - ഒരു യാത്രയും ഒരിടത്തും അവസാനിക്കുന്നില്ല, മരണത്തിന് ശരീരത്തെ മാത്രമേ നിശ്ചലമാക്കാൻ കഴിയൂ, ആത്മാവ് യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
  
         കാർത്തികിനെപ്പറ്റി ഓരോന്നാലോചിച്ച് അങ്ങനെയിരുന്നുപോയി. അവന്റെ ഇൻബോക്സിൽ ഏറ്റവും കൂടുതൽ തന്റെ മെസ്സേജുകളാണ് എന്ന് കാർത്തിക് പറഞ്ഞത് അവൾ ഓർത്തു. ആ ഓർമയിൽ ഹൃദയം ഒരുനിമിഷം ഒന്നു പിടഞ്ഞു. പെട്ടെന്ന് തന്റെ മൊബൈൽ ഫോൺ ശബ്ദിച്ചപ്പോൾ അവൾ തെല്ലൊന്നു ഞെട്ടി. കൂട്ടുകാരുടെ മെസ്സേജുകൾ! അവയിലൂടെ കടന്നുപോകുന്നതിനിടെ വിവേകിന്റെ മിസ്സ്ഡ് കോൾ! തന്റെ ക്ലാസ്മേറ്റിന്റെ മിസ്സ്ഡ് കോൾ! അവളുടെ വിരലുകൾ കീ‍പാഡിൽ അമർന്നു.
  
         - എന്താ പരിപാടി...?